Friday, September 13, 2013

എന്ന്‌ സ്വന്തം ബഷീർ

പ്രിയപ്പെട്ട നാരായണീ

ഈ ലോകമായ ലോകമൊക്കെയും
നിറഞ്ഞിരിക്കുന്ന മതിലുകളെയോർത്ത്‌
നീ കരയുന്ന രാത്രികളിൽ
എന്ത്കൊണ്ടാണ്‌
ഞാൻ ശോകസാന്ദ്രമായ
കവിതകളെഴുതാത്തതെന്നറിയുമോ?

എന്റെ വരികളിൽ
പ്രണയം മുറ്റിനില്ക്കുന്നത്‌
മറ്റുള്ളവർ കണ്ടാലവരെന്നെ
പൈങ്കിളിക്കവിയെന്ന്‌ വിളിക്കുമെന്ന്‌
ഞാൻ ഭയക്കുന്നു

അതല്ലെങ്കിൽ
നിന്റെ ഒതുങ്ങിയ മുലകളെയും
പൊക്കിളിനു മുകളിലെ
മറുകിനെയും വർണ്ണിക്കുന്ന
കവിതകൾ ഞാനും എഴുതിയേനെ

നീ ഇല്ലാതെയുള്ള
ഒറ്റപ്പെടൽ കൊണ്ടാണെന്റെ പ്രിയപ്പെട്ടവളെ
എന്റെ വരികളിൽ നീ നിറയുന്നതെന്നാ
ബടുക്കൂസുകൾക്കറിഞ്ഞുകൂടല്ലൊ
എന്ന്‌ സ്വന്തം
ബഷീർ

Friday, July 19, 2013

മമ്മൂട്ടിക്കൊരു കുത്ത്!

പ്രിയപ്പെട്ട മമ്മൂട്ടീ,

താങ്കൾ ജൈവകൃഷിക്കായി മുന്നോട്ട് വരികയും സ്വന്തം പാടത്ത് കൃഷി ചെയ്യുകയും ചെയ്യുന്നതിനെക്കുറിച്ച് വായിക്കുവാൻ സാധിച്ചതിൽ അത്യധികമായ സന്തോഷമുണ്ട്. ആനക്കൊമ്പും പുലിത്തോലും മാത്രമല്ല കൃഷിപ്പണിയും സുപ്പർതാരങ്ങളെ ആകർഷിക്കുന്നു എന്നത് കാർഷിക കേരളത്തിന്‌ അഭിമാനിക്കാൻ വക നല്കുന്നു. എന്നാൽ താങ്കൾ മൂന്നു ഞാറുനടാൻ ചേറിൽ ചവിട്ടിയത്കൊണ്ട് കൃഷി രക്ഷപെടും എന്ന് കരുതുന്നെങ്കിൽ അവിടെ താങ്കൾക്ക് തെറ്റിപ്പോയി. താങ്കൾ കണ്ടത്തിൽ ചാടുന്നത് കണ്ടാൽ യുവാക്കൾ കണ്ടത്തിലേക്ക് ഇറങ്ങും എന്ന് കരുതാനാവില്ല. യുവാക്കളെ കൃഷിയിലേക്ക് തിരിച്ച് വിടാൻ താങ്കളുടെ ഒരു സിനിമയുടെ വരുമാനത്തുക എങ്കിലും ചിലവഴിച്ചിട്ട് ക്യാമറക്ക് മുൻപിൽ നിന്നുകൊടുത്തിരുന്നെങ്കിലെന്ന് ആശിച്ച് പോവുന്നു. 

കർഷകരെ സഹായിക്കണം എന്നതായിരുന്നു താങ്കളുടെ യഥാർത്ഥ ലക്ഷ്യമെങ്കിൽ താങ്കളുടെ ജന്മനാട്ടിലെ കർഷകർക്ക് കാർഷികയന്ത്രങ്ങൾ വാങ്ങിക്കൊടുക്കുകയും കൃഷി ചെയ്യാത്ത കണ്ടങ്ങളിൽ കാർഷിക സൊസൈറ്റികൾ രൂപവത്കരിക്കാൻ ധന സഹായം നല്കുകയും ഒക്കെ ചെയ്യാമായിരുന്നു. അല്ലാതെ ഒരു ദിവസം രാവിലെ കൂളിങ്ങ് ഗ്ലാസും വെച്ച് പത്രക്കാരെക്കൊണ്ടൊരു സിനിമ ഷൂട്ട് നടത്തിയാൽ ജനങ്ങളതിലെ പതിര്‌ തിരിച്ചറിയുന്ന കാലം വന്നിരിക്കുന്നു. പണ്ടേയുള്ള, പൊങ്ങച്ചക്കാരൻ എന്ന പൊതുജനാഭിപ്രായം ഒന്നുകൂടി താങ്കൾ അരക്കിട്ട് ഉറപ്പിച്ചിരിക്കുന്നു.

പിന്നെ മറ്റൊരാളെക്കൊണ്ട് അതുമൊരു കർഷകത്തൊഴിലാളിയെക്കൊണ്ട് സ്വന്തം കാലു് കഴുകിച്ചതിന്റെ അനൗചിത്യം ഞാൻ പറഞ്ഞ് തരേണ്ട കാര്യം ഇല്ലല്ലൊ. മാധ്യമങ്ങളത് ആഘോഷിക്കാനും തുടങ്ങിക്കഴിഞ്ഞു. 

വെളുക്കാൻ തേക്കേണ്ടത് ഇങ്ങനെയല്ല, അപ്പോൾ പാണ്ടാവുന്നതിൽ ദുഖിച്ചിട്ടും കാര്യമില്ല.

എന്ന് 

താങ്കളെപ്പോലെ കൃഷിയെ സ്നേഹിക്കുന്ന എന്നാൽ കാര്യമായി ഒന്നും ചെയ്യാൻ ശ്രമിക്കാത്ത ഒരു സിനിമാസ്വാദകൻ

Tuesday, July 16, 2013

അവന്റെ തുടകളിലവൻ ചിത്രം വരച്ചുകൊണ്ടിരുന്നു...

അവന്റെ തുടകളിലവൻ ചിത്രം വരച്ചുകൊണ്ടിരുന്നു
ആദി കമിതാക്കളായ
മനുഷ്യന്റെയും ദൈവത്തിന്റെയും
ഇണക്കപിണക്കങ്ങളുടെ ചരിത്രലിഖിതങ്ങൾ
അവന്റെ തുടകളിൽ വരഞ്ഞുചേർന്നു

ഒടുവിലവളുടെ ചിത്രമവൻ കൊത്തിവച്ചത്
അവന്റെ പൊക്കിൾകൊടിയിൽ
ആ വരയലുകളിൽ തെറിച്ച ചോരയ്ക്കവളുടെ
ഗന്ധമായിരുന്നു...

Friday, February 15, 2013

എടിയേ

എടിയേ
ഞാനിന്നലെയൊരു സൊപ്നം കണ്ടേ
അതില്‌ ഞാനില്ലാരുന്നു
നീയും
വെറുതെ സമയം കളയാനൊരു സൊപ്നം

Wednesday, January 9, 2013

നീയാണ്‌ ഷെഹറസാദ് പ്രണയം

നീയാണ്‌ ഷെഹറസാദ് പ്രണയം

നീ കരുതിയിട്ടുണ്ടാവും
ഞാനൊരു ക്രൂരനാണെന്ന്

ഒരു രാത്രി മാത്രം
ആയുസ്സുള്ള പ്രണയങ്ങളിൽ
നിന്നെന്നെ സ്വയം
രക്ഷിക്കുകയായിരുന്നു
ഞാനെന്ന് നിനക്ക് അറിയില്ല


എന്റെ യൗവനത്തെ
പ്രണയിച്ചവരാണ്‌
ഷർസാദ് അവർ
ഷാഹ് തന്റെ
ദേഹത്തിൽ ഭ്രമിച്ചുവെന്ന്
കരുതി അഹങ്കരിച്ചവർ

അനശ്വരമായ പ്രണയമാണ്‌
ഞാൻ കൊതിച്ചത്
ഒരു രാവിൽ മടുക്കുന്ന
ശരീരങ്ങളാണെനിക്
അവർ നല്കിയത്

നീയാണ്‌ ഷെഹറസാദ് പ്രണയം

നീ എനിക്ക് പകർന്നത്
ഒരുപക്ഷെ
ആയിരവും അതിലേറെയും
രാവുകൾ നീണ്ട് നില്ക്കുന്ന
അഞ്ചാം രസം

ധീരരെ വരവേല്ക്കാൻ
കന്യകകൾ നിരന്നിടമല്ല
നീ ശയിക്കുന്ന
ഈ മെത്തയാണ്‌
ഷാഹ്നീ സ്വർഗം...