I
എന്റെ സ്വപ്നങ്ങൾക്ക്
ജീവിതം വില പറഞ്ഞ
ഈ ശരദ്കാലത്തിലെന്റെ
ആത്മാവെന്നെ
വെറുത്തുതുടങ്ങിയിരിക്കുന്നു...
സ്വപ്നങ്ങൾക്ക് കാവലാവാൻ
ഒരുപിടിച്ചങ്ങലകൾക്കുടി
നീ എനിക്ക് തന്നിട്ടു പോവുക
II
ആ നശിച്ച സ്വപ്നങ്ങൾ
വീണ്ടും കണ്ടെങ്കിൽ
എന്ന് ഭയന്ന്
ഞാനുറക്കം വേണ്ടെന്നുവെച്ചു
ഉറക്കമില്ലാത്ത കണ്ണുകൾ
മൂടുവാൻ മൃത്യു വന്നിരുന്നുവെങ്കിൽ
ഞാനൊന്നുറങ്ങിയേനെ...
III
ഓർമ്മകളുടെ കൈയിൽ
വിരൽ കോർത്തുകൊണ്ടാണ്
സ്വപ്നങ്ങൾ
കടന്ന് വരാറ്...
പക്ഷെ
സ്വപ്നങ്ങളെന്നോട്
ഓർമ്മകളെക്കുറിച്ച് ചോദിച്ചില്ല
ചോദിച്ചത് എന്റെ നാളെകളെക്കുറിച്ചാണ്
IV
ഇന്നലെകൾ
സ്മൃതിയും വിസ്മൃതിയും
തമ്മിലുള്ള നേരിയ
അകലത്തിൽ നിലനിൽക്കുന്ന
ഒരു ചതുപ്പാണ്
V
ഇന്നലെകളെക്കുറിച്ച് നമുക്കെന്തറിയാം
നമുക്കറിയാവുന്നത് നാളെകളെക്കുറിച്ചാണ്
നാളെകളെക്കുറിച്ച് ഞാൻ തറപ്പിച്ചതെല്ലാം
സ്വപ്നങ്ങളുടെ ഉറച്ച പാറക്കെട്ടിലായിരുന്നു
പാറ ഉരുകുന്നത് ഞാൻ നോക്കിനിന്നു...
സ്വപ്നങ്ങൾ എന്നെത്തിരിഞ്ഞു നോക്കാതെ
ഒഴുകിയകന്നു പോയി
നാളെകൾ എന്റെ കാൺകെ എരിഞ്ഞു തീർന്നു...
എന്റെ കൈയിൽ
ബാക്കി വന്നത്
ബാക്കി വന്നത്
അവ്യക്തമായ
കുറേ ഇന്നലെകൾ മാത്രമാണ്.
6 അഫിപ്രായങ്ങള്‍:
എന്റെ കൈയിൽ
ബാക്കി വന്നത്
അവ്യക്തമായ
കുറേ ഇന്നലെകൾ മാത്രമാണ്.
വാക്കുകള്‍ അറിയാതെ നീണ്ടുപോയോ എന്നൊരു ശങ്ക
ഇതരയും പറയാതെ ഇതു പറയാമെന്ന് വ്യാമോഹിക്കുന്നു........
വാക്കുകള്‍ തമ്മിലെ പരസ്പര ബന്ധം ഇടക്കിടെ നഷ്ടപ്പെടുന്നോ എന്നൊരു സംശയം..
മറ്റൊരു അഭിപ്രയം. ഈ ‘ഫാര്യ’എന്നു പറയുന്നതുപോലയാണോ ‘അഫിപ്രാ‘യവും
സത്യത്തിൽ പറയാൻ ഉദ്ദേശിച്ചത് എന്താണെന്ന് എനിക്കിപ്പൊഴും അറിയില്ല. ഇതൊരു Stream-of-conciousness പോലെ അങ്ങ് തോന്നിയത് എഴുതിവെച്ചതാണ്...
പരസ്പരം ബന്ധമില്ല എന്ന് തോന്നിയപ്പൊ നമ്പറിട്ടതാണ് I,II,III... എന്നത്.
നിർദ്ദേശങ്ങൾ നന്ദി. രണ്ട് പേർക്കും. ആദ്യമായാണ് ബ്ലോഗിൽ ഒരാൾ(രണ്ടുപേർ) എന്നെ ഇത്തരത്തിൽ വായിച്ച് അഭിപ്രായം പറയുന്നത്. സാധാരണ നല്ല വഴക്കോ അല്ലെങ്കിൽ വളുവളുത്ത സ്നേഹവാക്കോ ആണ് കിട്ടാറ്!
അതെ മനപ്പുർവ്വമാണ് അഫിപ്രായം :D
പ്രിയ സുഹൃത്തേ , പരസ്പര ബന്ധമില്ല എന്ന് തോന്നിയാല്‍ മാറ്റി എഴുതുക. ബന്ധങ്ങള്‍ കണ്ടുപിടിക്കും വരെ.
എഴുതിയില്ല എങ്കില്‍ ആരും വെടിയൊന്നും വെക്കില്ലല്ലോ ?
എങ്ങനെ എഴുതണേമെന്ന് തീരുമാനിക്കുന്നത് അവനവനല്ലേ സുഹൃത്തേ...
പിന്നെ എനിക്ക് എഴുതാൻ തോന്നുമ്പോൾ എഴുതിയില്ലെങ്കിൽ എനിക്ക് എന്നെത്തന്നെ വെടിവെക്കാൻ പിന്നെ തോന്നിയെന്നിരിക്കും...
Post a Comment