Sunday, July 3, 2011

എന്നാലും എന്റെ കർത്താവേ!

എന്നാലും എന്റെ കർത്താവേ നീ ഈ പണി ചെയ്തല്ലോ?

മദ്ധ്യതിരുവിതാങ്കൂറിലും തെക്കോട്ടും വടക്കോട്ടും എല്ലാം എത്ര സുറിയാനിപ്പള്ളീ ഒണ്ടാരുന്നതാ. നമ്മടെ തോമ്മശ്ലീഹാ വക ഏഴെണ്ണം വേറേ. ഇവിടെങ്ങാനും നിനക്കായകാലത്ത് ഇച്ചിരി പൊന്നും പണോം വെച്ചാൽ എന്നാരുന്നു. ഇതിപ്പക്കണ്ട തെക്കരു ഹിന്ദുക്കള് പൊളക്കുന്ന കാണാൻ ഈ അച്ചായനെ നീ ബാക്കി വെച്ചതെന്തിനാ? ചുമ്മാതല്ല നിന്നെ മറ്റേ ലവന്മാരു കുരിശിൽ തൂക്കിയത്! അല്ലാരുന്നെ ഈ ഒരൊറ്റ വിഷയത്തി നിന്നെ ഞാൻ തൂക്കിയേനേ!


സഭേം മെത്രാന്മാരും ഇന്റർ ചർച്ച് കൌൺസിലും കെടന്നു പെടാപ്പാടു പെടുന്നത് നിനക്കറിയാമ്മേലാഞ്ഞിട്ടാ. ഈ കമ്മ്യൂണിസ്റ്റുകാരുടെ ശല്യം തീർന്നെന്നു വെച്ചപ്പൊ കോൺഗ്രസുകാരും തൊടങ്ങി. ഡോക്ടർമാർക്കൊള്ള പള്ളീക്കൂടം മെനയായിട്ടു നടത്താൻ ഇവന്മാരു സമ്മതിക്കുകേല. കാശില്ല കർത്താവേ! എന്നിട്ടും നിന്റെ പെരുന്നാളും വെടിക്കെട്ടും ഞങ്ങള് മൊടക്കാറില്ലാന്ന് നീ ഓർക്കണം. ഈ കാശിൽ കൊറച്ച് കിട്ടിയാൽ അത്യാവശ്യം ചെലവങ്ങ് കഴിഞ്ഞു പോവും. ഒരു പത്തോ നൂറോ എഞ്ചിനിയറിങ്ങ് കോളെജും ഒക്കെ തൊടങ്ങുകേം ചെയ്യാം! എന്റെ ശ്രീപത്മനാഭാ  കർത്താവേ നീ മാത്രം രക്ഷ. നിന്റെ കാശു മാത്രം തുണ!

അല്ലേൽ തന്നെ പൊന്നുതമ്പുരാന്റെ കാശിന്റെ അകത്ത് ഇവന്മാർക്കെന്നാ കാര്യം? തിരുവിതാങ്കൂറു വാഴും പൊന്നു തമ്പുരാന്റെ സ്വത്തല്ലിയോ ഇതൊക്കെ. തമ്പുരാൻ ഒരു സൌകര്യത്തിന് അമ്പലത്തിന്റെ പത്തായപ്പെരെലു ഇതെല്ലാം വെച്ചെന്നുപറഞ്ഞ് ഇതെല്ലാം എങ്ങനാ കർത്താവേ അവമ്മാരെടെയാവുന്നെ. പൊന്നുതമ്പുരാൻ എന്നു വെച്ചാ ആരാ? ഞങ്ങടെ കൂടി രാജാവല്ലേ ഉത്രാടം തമ്പുരാൻ. അതിയാന്റെ സ്വത്തെന്നു പറഞ്ഞാൽ എന്റെം അല്ല ഞങ്ങടേം കൂടി വകയല്ലേ. അപ്പൊ അതിന്റെ ഒരു ഭാഗം എനിക്കും സഭക്കും കൂടി അവകാശപ്പെട്ടതല്ലേ? തമ്പുരാന്റെ പ്രജയല്ലെങ്കിലും ഒടേതമ്പുരാനായ നീ പറ!


മാത്രോവല്ല ഒന്നാം നൂറ്റാണ്ടിനു മുൻപുള്ള ബ്രാഹ്മണന്മാരുടെ തലമുറ എന്ന നിലയിൽ ഞങ്ങൾ സുറിയാനിക്കാർക്കും ഇതി അവകാശമില്ലാന്നു വരുവോ. കാശോള്ള ശ്രീപത്മനാഫൻ ഞങ്ങടേം കൂടി ശ്രീ പത്മനാഫനല്ലിയോ(സോറി കർത്താവേ ഇതിനപ്പുറം സ്വർണ്ണൊം കൊണ്ടു വന്നാൽ നിന്റെ കൂടെക്കൂടാം) അപ്പൊ ഇതിന്റെ മൂന്നിൽ ഒന്ന് ഞങ്ങൾ സുറിയാനി ക്രിസ്ത്യാനികൾക്കും കൂടി അവകാശപ്പെട്ടതല്ലേ കർത്താവേ! നീ പറ, എന്നെക്കണ്ടാ ബ്രാഹ്മണനല്ല എന്ന് പറയുമോ? അല്ലേലും നീ മിണ്ടുവേല. നീ യഹൂദനല്ലിയോ നിനക്കെന്നാ ബ്രാഹ്മണൻ. ആ പാരമ്പര്യം ഒന്നു വേറെയാ എന്റെ കർത്താവേ! അതു നിനക്കറിയാമ്മേല! 

ഒന്നുകിൽ ഈ സ്വത്തിൽ ഞങ്ങക്കും കൂടി അവകാശം കിട്ടണം. വേണേൽ ഇച്ചിരി മുസ്ലിങ്ങക്കും കൊടുത്തേരു. അതി ഞാൻ എടപെടുകേല. പക്ഷെ എനിക്കും സഭക്കും കിട്ടാനുള്ളതു കിട്ടാനുള്ള വകുപ്പ് നീ ഒണ്ടാക്കിക്കോണം. ഇല്ലേൽ എന്റെ തനിക്കൊണം നീ കാണും! ഇനി അതല്ല ഇതു തരാമ്പറ്റുകേലെങ്കിൽ, ഇവമ്മാരുടെ മുമ്പിൽ ഞെളിയാൻ പറ്റിയ ഒന്നാങ്ക്ലാസു നിധി ഒരെണ്ണം നീ ഞങ്ങക്ക് മുളന്തുരുത്തിപ്പള്ളീന്നോ, പരുമലപ്പള്ളീന്നോ ഒക്കെയായിട്ട് ഒപ്പിച്ചു തരണം. നീ ഒരു ഒറപ്പുതന്നാൽ പള്ളിലേയെല്ലാം നെലവറ കുത്തിപ്പൊളിക്കുന്ന കാര്യം ഞാനേറ്റു. ഒരു ഷെയർ നിനക്കും തന്നേക്കാം. ഒരു 101 പവൻ പൊന്നുംകുരിശായിക്കോട്ടെ. എന്നാ സമ്മതിച്ചോ?

വാൽക്കഷ്ണം: എന്റെ പൊന്നു ഹൈന്ദവ തീവ്രവാദി ചേട്ടാ ചുമ്മാ എഴുതിയതാ. വർഗ്ഗീയത അല്ല. ആ യൂക്തിവാദിക്കുരിശിനിട്ട് കൊടുത്ത ഇടി എനിക്കും തരരുത്. ഞാൻ അടി കൊള്ളാതെ തന്നെ നന്നാവും. സത്യം!

5 comments:

അച്ചായന് said...

ഒന്നുകിൽ ഈ സ്വത്തിൽ ഞങ്ങക്കും കൂടി അവകാശം കിട്ടണം. വേണേൽ ഇച്ചിരി മുസ്ലിങ്ങക്കും കൊടുത്തേരു. അതി ഞാൻ എടപെടുകേല. പക്ഷെ എനിക്കും സഭക്കും കിട്ടാനുള്ളതു കിട്ടാനുള്ള വകുപ്പ് നീ ഒണ്ടാക്കിക്കോണം

chullikattil.blogspot.com said...

നന്നായിരിക്കുന്നു.മനുഷ്യനെ്റ ആഗ്രഹങ്ങള്ക്ക് അതിരുണ്ടോ?കാലാനുസൃതമായ ചിന്തകളില്
ഈ സാറ്റ് യറ് തിളങ്ങി നില്ക്കുന്നു.
അഭിനന്ദനങ്ങളോടെ,
cvthankappan

jojos hide out said...

karthavinullathu karthavinu,padmanabhanullathu padmanabhanu, alle achaya

അച്ചായന് said...

അച്ചായനുള്ളത് അച്ചായനും! :D

AKA said...

http://ajayaghosh-kumaran.blogspot.com said:kollaam, thamaasa alppam kkoodippoyi.