Saturday, May 14, 2011

അല്പം കുറ്റം പറച്ചിലുകൾ!

നുറ്റാണ്ടായുസ്സുള്ള ഒരു  വ്യദ്ധസംഘടന വി.എസ്. എന്ന വൃദ്ധനുമായി പയറ്റിപ്പരാജയപ്പെട്ടിരിക്കുന്നു. ചെറുപ്പക്കാരായ  അധികപ്രസംഗത്തെക്കാൾ വാർദ്ധക്യത്തിന്റെ ചോരത്തിളപ്പിന് കൂടുതൽ മൂല്യം കരുതുകയാണ് കേരളം ചെയ്തത്. വി.എസിനോടെതിർക്കാൻ പോന്ന ഒരു നല്ല ലീഡറിന്റെ അഭാവം കോൺഗ്രസിൽ പ്രകടമായിട്ടൂണ്ട് അതല്ലെങ്കിൽ നേതാക്കന്മാരുടെ ആധിക്യമാണ് കോൺഗ്രസിന്റെ പ്രശ്നം. ഇടതു പക്ഷത്തിനാവട്ടെ വി.എസിനൊപ്പം ആര് എന്നതാണ് പ്രശ്നം!


 കത്തോലിക്ക സഭയും നായർ സൊസൈറ്റിയും ലീഗും കൂടി ഒത്തു കളിച്ചിട്ടുപോലും കോൺഗ്രസിനു ഇത്രേ പറ്റിയുള്ളു എന്നത് ആശ്ചര്യമാണ്! വി.എസ്. എന്ന വ്യക്തി മതദ്രുവീകരണത്തെപ്പോലും ചെറുക്കാൻ കെല്പുള്ള വ്യക്തിയാണോ?  സഭയും കുറച്ച് ഇടയലേഖനങ്ങളും കൂടിയാൽ ഉരുൾപൊട്ടൽ ഉണ്ടാവും എന്ന സിദ്ധാന്തത്തിന് ഉണ്ടായ കോട്ടം ചെറുതല്ല. ഇടയനെ കൈവിട്ട കുഞ്ഞാടുകൾ തെളിയിച്ചത് ജനാധിപത്യത്തിന്റെ ശക്തിയാണ്. സാക്ഷാൽ മാണിസാർ ഉൾപ്പടെ പല കേരളാകോൺഗ്രസ് സിംഹങ്ങൾക്കും ക്രൈസ്തവ കോൺഗ്രസ് സിംഹങ്ങൾക്കും ഭുരിപക്ഷം കുറയുകയും  അല്ലെങ്കിൽ പരാജയപ്പെടുകയും ചെയ്തത് സഭക്ക് നൽകിയ ഞെട്ടൽ ചെറുതല്ല. ഇതിൽ നിന്നെങ്കിലും ഒരു പാഠം സഭകൾ പഠിക്കട്ടെ! ഇടയന്മാർ രാജാക്കന്മാരും ആടുകൾ കുടിയാന്മാരും അല്ല എന്നുള്ള തിരിച്ചറിവ് സഭക്ക് ഉണ്ടാവട്ടെ! ഇനിയെങ്കിൽ സിസറെ സീസർക്കുള്ളത് കൊടുത്ത് സമാധാനമായി ഭരിക്കാൻ വിടട്ടെ!(അതു വിടും കാരണം വലത്പക്ഷമാണല്ലോ ഭരണത്തിൽ കേറൂന്നത്)


നായമ്മാരുടെ  സൊസൈറ്റി ആവട്ടെ ഞാനും ആനച്ചേട്ടനും തടി നീക്കി എന്നു പറയുന്നതുപോലെ ഇലക്ഷൻ ട്രെന്റ് വച്ച് കപടസമദൂരം മാറ്റിപ്പുറത്ത് വന്നതുകൊണ്ട്  സാമാന്യം നന്നായിത്തന്നെ നാറി. ഒരു അവർണ്ണൻ കേരളം ഭരിക്കുന്നതിന്റെ ബുദ്ധിമുട്ട് നായർ സൊസൈറ്റിക്ക് ഉണ്ട് എന്ന് ഞാൻ പറഞ്ഞാൽ ഞാൻ ഒരു വർഗ്ഗീയ വാദി ആയി ഗണിക്കപ്പെട്ടാലോ എന്നുള്ള ഭയം കൊണ്ട് മാത്രം ഞാനത് പറയാതെ പറയുന്നു. എന്നിലെ സെക്ക്യുലറിസ്റ്റ് എത്ര ചിന്തിച്ചിട്ടും വി.എസ്. ഇത്ര നിശിതമായി  വിമർശിക്കപ്പെട്ടതിന് കാരണം മനസിലാവുന്നില്ല.


എന്നത്തേതും പോലെ തന്നെ നായമ്മർക്ക് ഇഞ്ചിയെങ്കിൽ തനിക്ക് കൊഞ്ച് എന്ന സ്ഥിരം വയറ്റിപ്പിഴപ്പ് സിദ്ധാന്തത്തിലൂന്നി നടേശഗുരുവും കളത്തിലെത്തി. സർവ്വലോക ഈഴവസംരക്ഷണത്തിന്റെ ഹോൾ സെയ്ല് കച്ചവടം ഏറ്റെടുത്തിരിക്കുന്ന നടേശഗുരു, ഈഴവ മുഖ്യനെ പിന്തുണച്ചുകൊണ്ട് വി.എസിന്റെ ഗോഡ്ഫാദർ ആവാൻ ശ്രമിച്ചത്, എന്തുകൊണ്ടോ ചീറ്റിപ്പോയി. അരുവിപ്പുറത്തെ ഈഴവശിവന്റെ പ്രതിഷ്ഠപോലെ ഒരു ഈഴവ മുഖ്യനെപ്രതിഷ്ടിച്ചുകൊണ്ട് ഒന്നു പിടിച്ചു നിൽക്കാൻ എന്നാവും പാവം നടേശഗുരു വിചാരിച്ചത്. നടേശഗുരുവിനെ നന്നായി അറിയാവുന്നതു കൊണ്ടാവാം, അല്ലെങ്കിൽ പുള്ളി ഒരു ന്യൂനപക്ഷ നേതാവല്ലാത്തതിനാലാവാം. എന്തുകൊണ്ടായാലും സാധാരണ രീതികളിൽ നിന്ന് വ്യത്യസ്ഥമായി  നടേശഗുരു അർഹിക്കാത്ത പ്രാധാന്യം മാധ്യമങ്ങൾ നൽകിയില്ല.


ദുഖകരമായത് ലീഗിന്റെ വിജയമാണ് ലീഗിനു മാത്രം എന്തുകൊണ്ടോ സ്വന്ത സ്വാധീനം നില നിർത്തുവാൻ സാധിക്കുന്നു.  അതെന്തുകൊണ്ടായാലും ഖേദകരമാണ്. മത സംരക്ഷകർ എന്ന രീതിയിൽ നിലകൊള്ളുന്ന ലീഗിന്റെ തകർച്ചക്ക് ഇനിയും കാലമെടുക്കുമായിരിക്കും. അതുവരെ കുഞ്ഞാലിക്കുട്ടിമാർ മലബാർ വാഴും എന്ന ദുഖസത്യം ഞാൻ തിരിച്ചറിയുന്നു. എങ്കിലും  എല്ലാ വർഗീയ ശക്തികൾക്കും അനിവാര്യമായ ഒരു തകർച്ച ലീഗിനും സംഭവിക്കും എന്നെനിക്കറിയാം. അതിനു വേണ്ടി ഞാൻ കാത്തിരിക്കുന്നു. 


മത,വർഗ ദ്രുവീകരണങ്ങൾക്കപ്പുറത്ത് ചിന്തിക്കാൻ കെല്പുള്ളവരാണ് കേരളീയർ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒത്തിരി നാളുകൾക്ക് ശേഷം മലയാളി ആയതിൽ അഭിമാനിക്കുന്നു!

വാൽക്കഷ്ണം :
ബി.ജെ.പി എന്ന ശക്തിക്ക് കേരളത്തിൽ സീറ്റ് ലഭിക്കാത്തതിൽ ഈശ്വരന് ഞാൻ നന്ദി പറയുന്നു.
2 comments:

അച്ചായന് said...

മത,വർഗ ദ്രുവീകരണങ്ങൾക്കപ്പുറത്ത് ചിന്തിക്കാൻ കെല്പുള്ളവരാണ് കേരളീയർ എന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒത്തിരി നാളുകൾക്ക് ശേഷം മലയാളി ആയതിൽ അഭിമാനിക്കുന്നു!

അനില്‍ഫില്‍ (തോമാ) said...

കപട മതേതര വാദികളും കുഞ്ഞാലി ഭക്തരും ഒരു കാര്യം മനസിലാക്കുക, മല‍പ്പുറത്തിനു പുറത്ത് യൂഡീയെഫിന് മേല്‍ക്കോയ്മ കിട്ടിയത് അതിരൂപതകള്‍ രാഷ്ട്രീയം നിയന്ത്രിക്കുന്ന കോട്ടയത്തും എറണാകുളത്തും മാത്രമാണ്. പള്ളിയുപയോഗിച്ച് രാഷ്ട്രീയം കളിക്കുന്ന മാണിയും കോണിയും ഇല്ലെങ്കില്‍ യൂഡീയെഫില്ല. സകലമാന ജാതി മത പിന്തിരിപ്പന്‍ ശക്തികളും ഒന്നിച്ച് കിണഞ്ഞ് പരിശ്രമിച്ചിട്ടും മാനം കാത്ത സ:വീയെസ്സിനും പ്രബുദ്ധ കേരളജനതക്കും അഭിവാദനങ്ങള്‍.