Friday, May 2, 2008

ഈ ഹര്‍ത്താല്‍ ഏഷ്യാനെറ്റിനൊപ്പം!

അച്ചായന്‍ ഇന്ന് ക്രിക്കറ്റ് കളിയില്‍ നിന്ന് ചാനല്‍ മാറ്റി പാട്ട് വെച്ചപ്പോള്‍ റിമോട്ട് അറിയാതെ അമര്‍ന്ന് ഏതോ വാര്‍ത്താച്ചാനല്‍ വന്നു. ഏബിസിഡിന്നോ ബിബിസിന്നോ ഏതാണ്ടാ ആ ചാനലിന്റെ പേര്, അതില്‍ ഒരു വൃത്തികെട്ട സായിപ്പിരുന്ന് മനുഷ്യനു മനസിലാകാത്ത ഒരു ഫാഷ സംസാരിക്കുന്നു. അല്പം കാതോര്‍ത്തപ്പോള്‍ അത് ഇംഗ്ലീസ് ആണ് എന്ന് മനസിലായി.(എനിക്ക് അത്രേം വിവരം ഉണ്ട് എന്നിപ്പം മനസിലായില്ലേ) സായിപ്പ് എന്തോ ഒക്കെ പറയുന്ന കേട്ടപ്പോള്‍ സാക്ഷാല്‍ ഷേക്സ്പായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് ശ്രദ്ധിച്ചു. മനസിലായി മനസിലായി ആളോഗവിലക്കയറ്റം. മ്മടെ ബിജേപി ഹര്‍ത്താല്‍ നടത്തുന്ന സാദനവേ. ദാണ്ടേ കിടക്കുന്നു, സവാള വട!

അതു പറഞ്ഞപ്പഴാ ഓര്‍ത്തെ ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. ഏഷ്യാനെറ്റ് കാണുന്ന ഒരു സ്വപ്നം. സ്വപ്നത്തില്‍ ഒരു വൃത്തികെട്ട ശബ്ദത്തില്‍ ഒരു പുള്ളി വിളിച്ചുപറയുന്നു. “ഹര്‍ത്താല്‍ ദിനത്തില്‍ രാവിലെ ഒന്‍പതുമണിക്ക് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ബ്ലോക് ബസ്റ്റര്‍ ചിത്രം സേതുരാമയ്യര്‍ സീബിഐ 22-ആം ഭാഗം. ഈ ഹര്‍ത്താല്‍ ഏഷ്യാനെറ്റിനൊപ്പം!“

ഞാന്‍ എന്റെ കട്ടിലില്‍ ചാനല്‍ മാറ്റാന്‍ റിമോട്ട് തപ്പിയപ്പോള്‍ അത് വെറുമൊരു കിനാവ് മാത്രമായിരുന്നു എന്ന് മനസിലായി. സമചിത്തത ഇല്ലാത്ത ഞാന്‍ അതു വീണ്ടെടുക്കാന്‍ ശ്രമിക്കവേ, ഒരു കാര്യം ഓര്‍മ്മയില്‍ വന്നു. ഇന്ന് ഹര്‍ത്താല്‍ ആണ്. അച്ചന്‍ വീട്ടില്‍ കാ‍ണും. ഹര്‍ത്താല്‍ ആഹ്വാനിച്ചവനേ ശപിച്ചുകൊണ്ട് തലവഴി പുതപ്പ് മൂടി.

ഹര്‍ത്താല്‍ ദിവസം ശാബത് ദിനം പോലെ ഒരു പണീയും ചെയ്യാതെ ടീവി കണ്ട് ഇരുന്ന്, ഹര്‍ത്താല്‍ പരമാവധി ആസ്വദിച്ചു. ആറ് മണിക്ക് ശേഷം വിലകുറഞ്ഞ പച്ചക്കറിയും അരിയും വാങ്ങാന്‍ പോയ എന്നേ വാച്ച് നിന്ന് പോയ ഏതോ കാപാലികന്മാര്‍ കൈയ്യും കാലും വടിയും വെച്ചു. ങാ അവന്മാര്‍ ഹര്‍ത്താല്‍ ഇങ്ങനെയായിരിക്കും ആഘോഷിക്കുന്നത്