Thursday, May 1, 2008

വിശുദ്ധ സീരിയല്‍

കഴിഞ്ഞ പോസ്റ്റ് എന്തോ തനി മലയാളത്തില്‍ വന്നില്ല അതുകൊണ്ട് റീപ്പോസ്റ്റ്.

സീരിയലുകളോട് അച്ചായന് പണ്ടേ എന്തെന്നില്ലാത്ത ഇഷ്ടക്കേടാണ്. അത് ഇപ്പൊ ഇന്നതെന്നൊന്നുമില്ല പാരഡി ട്രാജഡികളായ കോമഡി സീ‍രിയലുകള്‍ തൊട്ട് ദൈവത്തെക്കാള്‍ വലിയ കത്തനാര്‍ വരെ. എന്നാല്‍ ഈയിടെ ആയി തുടങ്ങിയ ഒരു പരുപാടിയാണ് ക്രിസ്തീയ വിരുദ്ധന്മാരുടെ വിശുദ്ധന്മാരുടെ സീരിയലുകള്‍. (ഹൈന്ദവം നേരത്തേ ഉണ്ട്. ഈ ആക്രമണത്തില്‍ നിന്ന് രക്ഷപെട്ടത് മുസ്ലീം സഹോദരര്‍ മാത്രം അതും ഉടന്‍ തന്നെ പ്രതീക്ഷിക്കാം, ജിന്നിന്റെ രൂപത്തില്‍. )‌
ഈ വിശുദ്ധ സീരിയലുകളില്‍ നേരിന്റെ ഒരു കണികയെങ്കിലും ഉണ്ടായിരുന്നെങ്കില്‍ സാരമില്ലയിരുന്നു. കനകമറിയാം കന്യകമറിയാമിനെയും യേശുക്കുഞ്ഞിനെയും സ്വര്‍ണ്ണത്തില്‍ കുളിപ്പിച്ച് നിറുത്തി പണ്ട് ആ കിഴവന്‍ പറഞ്ഞതുപോലെ “So Unlike Your Christ" ആക്കി നിര്‍ത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ അമ്മ മറിയം വിനയം കൊണ്ട് നിറഞ്ഞവളായിരുന്നു എന്നാണ് എന്റെ അറിവ്. ഈ മറിയാം സ്വര്‍ണ്ണം കൊണ്ടാണ് നിറഞ്ഞിരിക്കുന്നത്. കൂടെ കൈയ്യില്‍ ഇരിക്കുന്ന കര്‍ത്താവും തഥൈവ! ഇതൊക്കെക്കാണുമ്പോള്‍ എന്ത് സന്ദേശമാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്.
കത്തനാരുടെ കാര്യം പണ്ടേ ബഹു രസമാണ്. ഇലക്ട്രിക് ഷോക്ക് അടിപ്പിക്കുന്ന വടിയുമായി നടക്കുന്ന കപ്പുച്ചിന്‍ കുപ്പായമിട്ട കാപ്പിപ്പൊടിക്കത്തനാര്‍ ഏഷ്യാനെറ്റ് വിട്ട് അമൃതയിലേക്ക് മറ്റോ ചേക്കേറിയതായി അറിഞ്ഞു. യാക്കോബായ/ഓര്‍ത്തഡോക്സ് പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന ഈ അച്ചന്‍ എന്നാണ് കത്തോലിക്കാ സഭയില്‍ ചേര്‍ന്നത് എന്നത് അത്ഭുതാവഹമാണ്. എങ്കിലും കച്ചവടകലയില്‍ സഭകള്‍ ഒരു പ്രശനം അല്ല, ചരിത്രവും.

എന്തായാലും അച്ചനായി അഭിനയിച്ച പ്രകാശ് രക്ഷപെട്ടു. പുതിയ ഒരു സീരിയലിലെ തോമാശ്ലീഹാ അദ്ദേഹമാണ്. ഈ തോമാശ്ലീഹാ ആകട്ടെ ഇതിലെല്ലാം രസമാണ്. ഏ.ഡി. ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു എന്ന് വിശ്വസിക്കപ്പെടുന്ന തോമാശ്ലീഹാ ഒരു കൈയില്‍ പിടിച്ചിരിക്കുന്നത് രണ്ടാം നൂറ്റാണ്ടില്‍ ക്രോഡീകരിച്ച ബൈബിളിന്റെ ഒരു പ്രതിയാണ്. മറുകൈയ്യില്‍ സ്വര്‍ണ്ണം കെട്ടിയ കുന്തവും. ഗുന്തഫോറസ് രാജാവ് കൊട്ടാരം പണിയാന്‍ കൊടുത്ത പണം പാവപ്പെട്ടവര്‍ക്ക് കൊടുത്ത തോമാശ്ലീഹായാണിതെന്നോര്‍ക്കണം. കഴുത്തിലാവട്ടെ കര്‍ത്താവ് ചുമന്നതിലും വലിയ ഒരു കുരിശും. പോരേ പൂരം.
ഒരു പണിയും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന ചില വനിതാസമാജം കൊച്ചമ്മമാരുടെ “ദൈവസ്നേഹം” മൂലം ഇത്തരം സീരിയലുകള്‍ പച്ചപിടിക്കുന്നു എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇതിന് ആരെ പഴിക്കണം എന്റെ വേളാങ്കണ്ണി മാതാവേ!
വാല്‍ക്കഷ്ണം: ആവശ്യത്തിനും അല്ലാതെയും ഒക്കെ ഇടയലേഖനവും ഒക്കെ ഇറക്കുന്ന വന്ദ്യ പിതാക്കന്മാര്‍ ഇമ്മാതിരി സീരിയല്‍ ക്രൈസ്തവര്‍ കാണരുത് എന്ന് ഒരു ഇടയലേഖനം ഇറക്കിയാല്‍ സഭ രക്ഷപെട്ടേനേ!

1 comment:

Anonymous said...

good....