Monday, January 7, 2008

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്ക സഭയും: ഒരേ പാതയില്‍

പുതുവത്സര സമ്മാനം അല്‍പം സീരിയസ്‌ ആണ്‌. വിമര്‍ശിക്കാന്‍ മടിക്കരുത്‌, കളിയാക്കാനും.

കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്ക സഭയും: ഒരേ പാതയില്‍

മതരംഗത്തെ ഏറ്റവും വലിയ മതവിഭാഗമായ കത്തോലിക്ക സഭയും പ്രത്യയശാസ്ത്രരംഗത്തെ ഏറ്റവും മികച്ച ചിന്താധാരയായ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും തമ്മില്‍ കേരളത്തിലും പുറത്തും വളരെയേറെ ഏറ്റുമുട്ടലുകള്‍ ഉണ്ടായിട്ടുണ്ട്‌. പോപ്പ്‌ മുതല്‍ വൈദികര്‍ വരെയുള്ള കത്തോലിക്ക സഭാനേതൃത്വം കമ്മ്യൂണിസത്തെ എതിര്‍ക്കുകയും ചെയ്തിട്ടുണ്ട്‌. എന്നാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും കത്തോലിക്ക സഭയും തമ്മില്‍ എത്രത്തോളം അന്തരം ഉണ്ടോ അത്രത്തോളം തന്നെ സാമ്യവും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാവുന്ന മേഖലകളും ഉണ്ട്‌ എന്നതാണ്‌ സത്യം. ലാറ്റിന്‍ അമേരിക്കയിലെ വിമോചന ദൈവശാസ്ത്രവും ജനകീയ മുന്നേറ്റവും ഇതിന്‍ ഉത്തമ ഉദാഹരണമാണ്‌. എന്നാല്‍ ഇതിനൊക്കെ അപ്പുറത്ത്‌ ചിന്തിച്ചാല്‍ ഇന്നത്തെ ലോകത്തില്‍ സഭയും പാര്‍ട്ടിയും നേരിടുന്നത്‌ ഒരേ തരത്തിലുള്ള വെല്ലുവിളികളാണ്‌ എന്നത്‌ ഈ വാദത്തിന്‌ ആകം കൂട്ടും. പരസ്പര വൈരുദ്ധ്യങ്ങളെക്കുറിച്ച്‌ തര്‍ക്കിച്ചിരിക്കുന്നതിന്‌ പകരം രണ്ടുവിഭാഗത്തിലെ നേതാക്കളും ഈ വെല്ലുവിളികളെക്കുറിച്ച്‌ ചിന്തിച്ച്‌ അവയെ നേരിടേണ്ടത്‌ നാളത്തെ ലോകത്ത്‌ രണ്ട്‌ വിഭാഗവും നിലനില്‍ക്കേണ്ടതിന്‌ അത്യന്താപേക്ഷിതമാണ്‌.

വളരെയേറെ മര്‍ദ്ദനവും പീഡനവും നേരിട്ടാണ്‌ കത്തോലിക്ക സഭയും(മറ്റ്‌ ക്രൈസ്തവ സഭകളും) കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയും അവയുടെ ആദ്യ കാലഘട്ടത്തെ അതിജീവിച്ചത്‌. അന്ന്‌ രണ്ട്‌ വിഭാഗത്തില്‍ അംഗത്വം എന്നാല്‍ പീഡനവും സ്വയം തൃണവത്കരിക്കലും ആയിരുന്നു. എന്നാല്‍ പിന്നീട്‌ ഭരണചക്രം പിടിക്കുവാനും ജനങ്ങളെയും രാജ്യങ്ങളെത്തന്നെയും നയിക്കുവാന്‍ സഭക്കും പാര്‍ട്ടിക്കും സാധിച്ചു. ഇത്‌ പാര്‍ട്ടിയേയും സഭയേയും സ്ഥാപനവത്കരിച്ചു. അവയുടെ സ്ഥാപിത ലക്ഷ്യങ്ങളായ സോഷ്യലിസ്റ്റ്‌ ലക്ഷ്യങ്ങളെ അല്ലെങ്കില്‍ സമത്വമെന്ന സ്വപ്നത്തെ പലപ്പോഴും ത്യജിക്കേണ്ടി വന്നു. അതുതന്നെയാണ്‌ ലോകത്ത്‌ പാര്‍ട്ടിയുടേയും സഭയുടേയും(പ്രത്യേകിച്ചും യൂറോപ്പില്‍) തകര്‍ച്ചയിലേക്കുള്ള വഴിതെളിച്ചത്‌.(ഇത്‌കൊണ്ട്‌ പാര്‍ട്ടിയോ സഭയോ തകര്‍ന്നു എന്ന്‌ ലേഖകന്‍ അര്‍ത്ഥമാക്കുന്നില്ല എങ്കിലും ഇരുവിഭാഗത്തിലുമുള്ള അംഗങ്ങളുടെ കൊഴിഞ്ഞുപോക്കിന്റെ ഉയര്‍ന്ന നിരക്ക്‌ ഇത്‌ തന്നെ പരോക്ഷമായി സൂചിപ്പിക്കുന്നു)

ജനങ്ങളില്‍ നിന്ന്‌ അകന്ന്‌ കൊണ്ട്‌ ഒരു ജനമുന്നേറ്റത്തിനും വിജയിക്കാന്‍ സാധിക്കുകയില്ല. അതാണ്‌ പ്രത്യക്ഷത്തില്‍ ഇന്ന്‌ കേരളത്തിലെ കത്തോലിക്ക സഭക്കും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കും സംഭവിക്കുന്നത്‌. ഈ രണ്ട്‌ വിഭാഗവും ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെട്ടു കഴിഞ്ഞു. സഭക്ക്‌ വര്‍ഷാവര്‍ഷം നൂറുകണക്കിന്‌ വൈദികരാണ്‌ പുതുതായി ലഭിച്ചുകൊണ്ടിരിക്കുന്നത്‌. എന്നാല്‍ നൂറൂ അല്‍മായനെ സഭക്ക്‌ കേരളത്തില്‍ ലഭിക്കുന്നുണ്ടോ? യാക്കോബായ-ഓര്‍ത്തഡോക്സ്‌ തര്‍ക്കം മുതലെടുത്ത്‌ മലങ്കര റീത്തിലേക്ക്‌ "അജമോഷണം" നടത്തുന്നതല്ലാതെ! പാര്‍ട്ടിയും ഇന്ന്‌ വലതുപക്ഷവത്കരിക്കപ്പെടുകയല്ലേ ചെയ്യുന്നത്‌.(അല്ലെങ്കില്‍ ആ പ്രയോഗം ഇന്ന്‌ തെറ്റായിരിക്കാം, ഇന്നത്തെ അവസ്ഥയില്‍ കൂടുതല്‍ ചേരുന്നത്‌ ഇടതുപക്ഷവത്കരിക്കപ്പെടുക എന്ന പ്രയോഗം തന്നെ ആയിരിക്കാം) 'കമ്മലിട്ടവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരു'ം എന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്‌ കേരളത്തിലെ സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്നത്‌. എന്നാല്‍ വളരെയേറെ പ്രതീക്ഷയോടെയാണ്‌ നിഷ്പക്ഷ ജനങ്ങള്‍ കമ്മ്യൂണിസ്റ്റ്‌ സര്‍ക്കാരിനെ ഇത്തവണ അധികാരത്തില്‍ ഏറ്റിയത്‌. കാരണം വി.എസ്‌. എന്ന മനുഷ്യനില്‍ മലയാളിക്കുണ്ടായിരുന്ന വിശ്വാസം വളരെ വലുതായിരിക്കുന്നു. എന്നാല്‍ വലതു പക്ഷത്തെ വെല്ലുന്ന രീതിയില്‍ ആണ്‌ ഈ മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്‌. ഒരു മന്ത്രി ക്രൈസ്തവരുമായി വഴക്കുപിടിക്കുമ്പോള്‍ മറ്റൊരാള്‍ അമ്പലം ഏകെജി സെന്റര്‍ ആക്കുന്നതിന്‌ കിണഞ്ഞ്‌ പരിശ്രമിക്കുകയാണ്‌. മറ്റൊരാള്‍ കേരളീയനെ കോഴിമുട്ട തീറ്റിക്കുകയാണ്‌. ഈ പ്രഹസനമെല്ലാം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന്‌ അകറ്റി എന്ന സത്യം പാര്‍ട്ടി മനസിലാക്കണം. വി.എസിന്റെ മൂന്നാര്‍ ദൗത്യം ഒരു പ്രഹസനമായത്‌ ജനങ്ങളേ ഏറെ ദുഖിപ്പിച്ചു. വി.എസിനേയും ജനങ്ങള്‍ വെറുമൊരു രാഷട്രിയക്കാരനായി കണക്കാക്കുവാന്‍ തുടങ്ങി. പാര്‍ട്ടിയും സഭയും ജനങ്ങളില്‍ നിന്ന്‌ അകലുകയാണ്‌.

പാര്‍ട്ടിയുടെയും സഭയുടേയും തെറ്റിക്കൂടായ്മയാണ്‌ മറ്റൊരു പ്രശ്നം. രണ്ടുകൂട്ടരും അവരവര്‍ പറയുന്നത്‌ മാത്രമാണ്‌ ശരി അല്ലെങ്കില്‍ നേതാക്കള്‍ക്ക്‌ തെറ്റില്ല എന്ന് ശഠിക്കുന്നു. നേതൃത്വം പറയുന്നത്‌ അതേപടി വിഴുങ്ങുക എന്നതാണ്‌ അനുയായികളുടെ ജോലി എന്ന് രണ്ട്‌ കൂട്ടരും കരുതുന്നു എന്ന് തോന്നിപ്പോവും. ഉദാഹരണത്തിന്‌ സഭയില്‍ ഈയിടെ പൗവ്വത്തില്‍ പിതാവ്‌ നടത്തിയ പ്രസ്താവന അദ്ദേഹത്തെപ്പോലെയൊരു ക്രൈസ്തവ മേലദ്ധ്യക്ഷന്‍ ഒരിക്കലും നടത്തരുതാത്തതായ ഒന്നായിരുന്നു. എന്നാല്‍ അത്‌ വിവാദമായപ്പോള്‍ അതിനെ ന്യായീകരിക്കുവാനും മറ്റും തീവ്രശ്രമമാണ്‌ സഭയും നേതൃത്വവും നടത്തിയത്‌. അത്‌പോലെ തന്നെ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്ക്‌ ലഭിക്കുന്ന ഏറ്റവും കനത്ത വിമര്‍ശനങ്ങളില്‍ ഒന്നാണ്‌ പാര്‍ട്ടിയിലെ വിമതരെ ഒറ്റപ്പെടുത്തി ഉപദ്രവിക്കുന്നതായ ഒരു നിലപാട്‌. ടിയാനമന്‍ സ്ക്വ‍യറില്‍ തുടങ്ങി കേരളത്തില്‍ വരെ ഈ നയം തന്നെയാണ്‌ പാര്‍ട്ടിയും തുടര്‍ന്നു പോരുന്നത്‌. പാര്‍ട്ടി വിമര്‍ശനാതീതമാണ്‌ എന്ന നിലപാടിലൂടെ തെറ്റിക്കൂടാത്ത നയങ്ങളാണ്‌ പാര്‍ട്ടിയുടേത്‌ എന്ന നിലപാടാണ്‌ പരോക്ഷത്തില്‍ പ്രകടമാക്കുന്നത്‌. കഴിഞ്ഞ ദിവസം ജ്യോതിബസു നടത്തിയ പ്രസ്താവനയും ഏതാണ്ട്‌ ഈ പ്രാധാന്യമര്‍ഹിക്കുന്നു. ഇപ്പോള്‍ കേരളത്തിലെ രണ്ട്‌ വിഭാഗത്തിലെയും നേതാക്കന്മാരെയും കണ്ണടച്ച്‌ വിശ്വസിക്കുന്നവരാണ്‌ അവയിലെ ഭൂരിഭാഗം അംഗങ്ങളും. എന്നാല്‍ ഇത്‌ അങ്ങനെ എത്രനാള്‍ തുടരും എന്നത്‌ പ്രവചനാതീതമാണ്‌. അതുകൊണ്ട്‌ തന്നെ അക്രൈസ്തവമായ ഇടയലേഖനങ്ങളുടെയും തട്ടുപൊളിപ്പന്‍ പ്രസ്താവനകളുടെയും ഭാവി അത്രത്തോളം ഭാസുരമല്ല.

സോഷ്യലിസത്തിന്റെ രണ്ട്‌ മാനങ്ങളാണ്‌ കമ്മ്യൂണിസവും ക്രിസ്തുമതവും. ഇവ രണ്ടും അവയുടെ സ്ഥാപിത ലക്ഷ്യത്തില്‍ ഉറച്ച്‌ നിന്ന് പ്രവര്‍ത്തിക്കേണ്ടത്‌ കാലത്തിന്റെ ആവശ്യമാണ്‌. പരസ്പരം പോരടിക്കാതെ ഒരുമിക്കാവുന്നിടങ്ങളില്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കണം. വൈരുധ്യമുള്ളിടത്ത്‌ മൗനം പാലിക്കാന്‍ കഴിവതും ശ്രമിക്കണം. സഭയെ തകര്‍ക്കുവാന്‍ പാര്‍ട്ടിക്കോ പാര്‍ട്ടിയെ തകര്‍ക്കുവാന്‍ സഭക്കോ സാധിക്കില്ല എന്ന് മനസിലാക്കിയാല്‍ പ്രശ്നം പരിഹരിക്കപ്പെട്ടുകഴിഞ്ഞു എന്ന് പറയാം. അങ്ങനെ ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കാരണം വിമര്‍ശനാത്മകമായ ഇടയലേഖനങ്ങളും തട്ടുപൊളിപ്പന്‍ പ്രസംഗങ്ങളും എന്തിന്‌ എന്ന ചോദ്യം സാധാരണക്കാര്‍ ഉന്നയിച്ചു തുടങ്ങിയിരിക്കുന്നു!


(ഈ ലേഖനം വായിക്കുന്ന ഒരു കത്തോലിക്ക സഭാ വിശ്വാസിക്ക്‌ ഞാന്‍ സഭാ വിരോധിയായും കമ്മ്യൂണിസ്റ്റ്കാരന്‌ കമ്മ്യൂണിസ്റ്റ്‌ വിരോധിയും ആണ്‌ എന്ന തോന്നും. അത്‌കൊണ്ട്‌തന്നെ നിങ്ങള്‍ എന്നെ വിമര്‍ശിക്കുക. തെറ്റുകള്‍ ചൂണ്ടിക്കാട്ടുക, വിഡ്ഢിത്തരങ്ങളെ പരിഹസിക്കുക. ഒരു കാര്യം മാത്രം ഓര്‍ക്കുക ഞാന്‍ ഇടതുപക്ഷ അനുഭാവിയായി ക്രൈസ്തവമത വിശ്വാസിയാണ്‌. രണ്ട്‌ വിഭാഗത്തിനും നന്മ മാത്രം ആണ്‌ ലേഖകന്റെ ലക്ഷ്യം.)

2 comments:

ഒരു “ദേശാഭിമാനി” said...

ഒരു മതേതര രാജ്യത്ത് മതത്തേയും രാഷ്ട്രിയത്തേയും ഒരേ കണാന്‍ പറ്റുന്ന കാര്യം സംശയമാണു. അതിനു ഒരുക്കലും യോചിച്ചു പോകാനും പറ്റില്ല! അതുപോലെതന്നെ, ഒരു മതേതര, ജനാധിപത്യ രാജ്യത്തു ഭരണരംഗത്തു മതങ്ങള്‍ ഇടപെട്ടാല്‍ വംശീയപ്രശ്നങ്ങള്‍ക്കു വരെ വഴി തെളിക്കും. ഇന്ത്യയില്‍ ഇപ്പോള്‍ തന്നെ മതങ്ങളുടെ നിഴലിലുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ മൂലം എത്രയോ അനര്‍ദ്ധങ്ങള്‍ നാം കണ്ടു. ഇതു പ്രശ്നങ്ങള്‍ക്കു മുകളില്‍ പ്രശനങ്ങളും അതുകൊണ്ടു ചില സ്വാര്‍ത്ഥ താല്പര്യക്കാര്‍ക്കു മുതലെടുപ്പുകള്‍ നടത്താന്മെന്നല്ലാതെ, രാജ്യത്തിനോ,ജനങ്ങള്‍ക്കോ പ്രയോജനപ്പെടുന്ന ആശയമാണന്നു തോന്നുന്നില്ല! രാഷ്ട്രിയ കാര്യങ്ങളില്‍ കൂടുതല്‍ അറിവുള്ളവര്‍ അഭിപ്രായം പറയട്ടെ!

ചാക്കോച്ചന്‍ said...

രാഷ്ട്രീയപ്പാര്‍ട്ടിയും മതവും എന്നതു മാത്രം അല്ലാതെ അവ രണ്ടും രണ്ട്‌ ജനകീയ മുന്നേറ്റങ്ങളല്ലേ? സാമൂഹിക പരിവര്‍ത്തനത്തിന്‌ അവയ്ക്ക്‌ ഒന്നിച്ച്‌ നിന്നാല്‍ സാധിക്കില്ലേ?